കർത്താവിൽ പ്രിയരേ
പരിശുദ്ധസഭയിൽ അനുഗ്രഹസമ്പൂർണ്ണമായ പുതിയൊരു ആരാധനാവർഷം കൂടി സമാഗതമായിരിക്കുകയാണല്ലോ. കൂദോശ് ഈത്തോ (സഭയുടെ ശുദ്ധീകരണം ), പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ,ഹൂദോസ് ഈത്തോ ( പരിശുദ്ധ സഭയുടെ പ്രതിഷ്ഠ ), ഇടവകയുടെ കൊയ്ത്തുത്സവം , പരിശുദ്ധ കന്യക മറിയാം അമ്മയുടെ ദേവാലയപ്രവേശനപ്പെരുന്നാൾ, സഖറിയാ പുരോഹിതാനോടുള്ള അറിയിപ്പ്, വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പ് തുടങ്ങി പുണ്യപ്രദമായ നിരവധി മുഹൂർത്തങ്ങൾ സമ്മേളിക്കുന്ന അനുഗ്രഹദായകമായ ഒരു മാസമാണ് ഈ നവംബർ. നമ്മുടെ ആത്മീയജീവിതത്തെ വളരെയധികം പ്രചോദിപ്പിക്കുവാൻ തക്കവിധം നിരവധി പുണ്യപിതാക്കന്മാരുടെയും ശുദ്ധിമതികളുടെയും സഹദേന്മാരുടെയും ഓർമ്മകളിലൂടെയും നാം ഈ മാസം കടന്നുപോകുമ്പോൾ നമ്മെത്തന്നെ ശുദ്ധീകരിച്ചു ക്രിസ്തുവിനായി സമർപ്പിച്ചുകൊണ്ട് അവിടുത്തെ നല്ല ദാനങ്ങൾക്ക് കൃതജ്ഞതയോടെ മഹത്വം പാടുവാനും ഒരുമയോടും സ്നേഹത്തോടും കൂടി പെരുന്നാളുകൾ ആചരിക്കുവാനും സ്വർഗ്ഗീയപിതാവിന്റെ ആശീർവാദം സ്വീകരിച്ചു ആത്മീകരായി മുന്നേറുവാനും എല്ലാവർക്കും സംഗതിയാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. പ്രത്യേകമായി നമ്മുടെ ഇടവകയുടെ വലിയ പെരുന്നാളായ നമ്മുടെ കൊയ്ത്തുത്സവത്തിലേയ്ക്ക് വിവിധ പരിപാടികളുടെ അകമ്പടിയോടെ നാം സമീപിക്കുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും ജീവനിലും ജീവിതത്തിലും വിതയ്ക്കപ്പെട്ടിരിക്കുന്ന സർവ്വനന്മകളുടെയും സദ്ഫലങ്ങളെ കൊയ്തെടുത്തു ദൈവാലയത്തിലേയ്ക്ക് കാണിക്കയായി അർപ്പിക്കുവാനും സ്വർഗ്ഗോന്നതികളിൽ നിന്നും സംപ്രീതിയുടെ ഇമ്പമാർന്ന സ്വരം കേട്ടു കാഴ്ചകളെ കൈക്കൊണ്ട പിതാവിന്റെ മുഖം ദർശിച്ചു വാഴ്വുകൾ ഏറ്റുവാങ്ങി അത് മുന്നോട്ടുള്ള പ്രയാണത്തിൽ പാഥേയമാക്കുവാൻ ഓരോരുത്തർക്കും ഇടയാകട്ടെ! ദൈവം തമ്പുരാൻ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ!
പ്രാർത്ഥനയോടെ,
വികാരി
Fr Geevarghese Mathew
