ദൈവതിരുനാമത്തിനു മഹത്വമുണ്ടായിരിക്കട്ടെ!
കർത്താവിൽ പ്രിയരെ
പരിശുദ്ധ വലിയ നോമ്പിന്റെ ചിറകിലേറി നാം പ്രയാണമാരംഭിച്ചിട്ടു നാല്പതു നാളുകൾ പൂർത്തിയായുകയാണ്. നോമ്പ്, പ്രാർത്ഥന, ഉപവാസം എന്നിവ ചേർന്ന മുപ്പിരിചരടിൽ ആത്മീയജീവിതം കോർത്തെടുക്കുന്നവർക്ക് അറ്റുപോകാത്ത ദൈവീകസംസ്സർഗ്ഗവും അതിലൂടെ ദൈവീകരണവും സ്വായത്തമാക്കുവാൻ സാധിക്കുമെന്നത് തിരുവചനം നൽകുന്ന വാഗ്ദാനമാണല്ലോ. നാല്പതുനാളത്തെ വിശുദ്ധ നോമ്പാചാരണത്തെതുടർന്നു നാമെല്ലാവരും നമ്മുടെ കർത്താവും രക്ഷകനുമായ ക്രിസ്തുവിന്റെ പീഡാനുഭവവാരത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. മരണത്തെ ജയിക്കുവാനും സാത്താന്റെ തല തകർക്കുവാനുമായി മശിഹാതമ്പുരാൻ നിന്ദ്യ മായ ക്രൂശുമരണവും പീഡകളും മനസ്സാ വഹിച്ചത് സ്മരിച്ചുകൊണ്ട് ധ്യാനത്തോടും പ്രാർത്ഥനയോടും കൂടി രക്ഷകന്റെ ഉയിർപ്പിന്റെ സന്തോഷവും സമാധാനവും യഥാർത്ഥമായി അനുഭവിക്കുവാൻ നമുക്ക് സാധിക്കണം! മരിച്ചു മൂന്നുനാൾക്കു ശേഷം ലാസറിന്റെ അഴുകിയ ശരീരത്തെ പൂർവാധികം ചൈതന്യവത്തായി ഉയിർപ്പിച്ചു ഹൃദയങ്ങളെ നേടിയതിന്റെ പിറ്റേന്നാൾ യെരുശലേമിലേക്ക് ഗർദ്ദഭവാഹനനായി മഹത്വപൂർണ്ണനായി എഴുന്നള്ളിയ മശിഹായെ നമ്മുടെ രക്ഷകനും രാജാവുമായി ഊശാന പാടി പ്രഘോഷിച്ചുകൊണ്ട് പെസഹാദിവസം താൻ നമുക്കായി മുറിച്ചു നൽകിയ തിരുശരീരവും ചൊരിഞ്ഞു തന്ന തിരുരക്തവും സത്യ അനുതാപത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ അനുഭവിക്കുവാനും അവിടുന്ന് സഹിച്ച പങ്കപ്പാടുകളോട് താദാത്മ്യപ്പെട്ടുകൊണ്ടു വലിയ വെള്ളിയാഴ്ച ആചരിച്ച് നമ്മെത്തന്നെ ആ കുരിശിൻചുവട്ടിൽ സമർപ്പിച്ചുകൊണ്ട് അത്യുന്നതന്റെ പുനരുത്ഥാനത്തിന്റെ മഹിമയെ പ്രത്യാശയോടെ ദർശിക്കുവാൻ തക്കവിധം നമുക്ക് ഒരുക്കത്തോടെ ആ പുണ്യദിനങ്ങളിലേയ്ക്ക് പ്രവേശിക്കാം.നമ്മുടെ ഇടവക ഒന്നടങ്കം വിശുദ്ധ വാരത്തിൽ ഏറ്റവും ഭക്ത്യാദരവോടും ചിട്ടയോടും കൂടി ഉയിർപ്പിന്റെ സന്തോഷത്തിലേയ്ക്ക് അടുക്കുമ്പോൾ വിശുദ്ധ നോമ്പിന്റെയും പ്രാർത്ഥനയുടേയും ഉപവാസത്തിന്റെയും മധുരഫലം നുകരുവാൻ ഏവർക്കും സംഗതിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പരിശുദ്ധാത്മാവിന്റെ നടത്തിപ്പും ദൈവീക കൃപയും അതിനായി ഏവരെയും സഹായിക്കയും ചെയ്യട്ടെ!
പ്രാർത്ഥനയോടെ
വികാരി
Fr Geevarghese Mathew
സഹവികാരി
Fr Mathew John