പരിശുദ്ധ സഭയുടെ പുതിയൊരു ആരാധനാകാലത്തിലേയ്ക്ക് നാം അടുക്കുകയാണല്ലോ. ഉയിർപ്പിന്റെ ദൂത് ശ്രവിച്ചു പെന്തിക്കോസ്തിയിലൂടെ പരിശുദ്ധാത്മപുതുക്കവും പ്രാപിച്ചു രക്ഷിതാവായ ക്രിസ്തുവിന്റെ തേജസ്ക്കരണത്തിന്റെ ഓർമ്മ അനുഷ്ഠിച്ചു രൂപാന്തരീകരണത്തിന് നമ്മെ അവങ്കൽ സമർപ്പിച്ചുകൊടുത്ത നാം ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ആചരിച്ചു വിശുദ്ധ അമ്മയുടെ ജനനപെരുന്നാളിലേയ്ക്കും സ്ലീബായുടെ കാലഘട്ടത്തിലേയ്ക്കും അടുത്തിരിക്കുകയാണ്. മഹത്വപൂർണ്ണമായ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ( സെപ്റ്റംബർ 8)പരിശുദ്ധ സ്ലീബാ പെരുന്നാളും( സെപ്റ്റംബർ 14) ആഗതമാകുന്നു. പരിശുദ്ധ മാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള ഈ പുണ്യദിനങ്ങൾ ഭക്തിയോടെ ആചരിക്കുവാനും ആ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും തക്കവിധം നമുക്ക് ആത്മീയമായി ഒരുക്കമുള്ളവരാകാം. പരിശുദ്ധ അമ്മയുടെ ജനനപ്പെരുന്നാളിന്റെ ഈ ദിനങ്ങളിൽ ദേവാലയത്തിൽ നടക്കുന്ന തിരുവചന ശുശ്രൂഷയിലൂടെ ഏവർക്കും പരിശുദ്ധ അമ്മയെപ്പോലെ ദൈവശബ്ദം കേൾക്കുവാനും നല്ല ഫലങ്ങൾ പുറപ്പെടുവിക്കുവാനും കഴിയട്ടെ. ഏദനിൽ വെച്ച് ഹവ്വ സർപ്പത്തിന്റെ ശബ്ദം കേട്ട് അനുസരണക്കേടെന്ന ഫലം പുറപ്പെടുവിച്ചെങ്കിൽ, കന്യക മറിയാം ദൈവശബ്ദം തന്റെ കാതിലൂടെ കേൾക്കുകയും അനുസരണയുടെ ഫലമായ ദൈവപുത്രനെ തന്നെ ലോകത്തിനു രക്ഷയ്ക്കായി നൽകിയതുപോലെ തിരുവചന ശുശ്രൂഷയിലൂടെ ദൈവശബ്ദം കേട്ട് വിശുദ്ധിയിലേക്ക് വളരുവാനും രൂപാന്തരപ്പെടുവാനും സദ്ഫലങ്ങൾ പുറപ്പെടുവിക്കുവാനും നമുക്ക് സംഗതിയാകണം.
മാതാവിന്റെ വിശുദ്ധിയും വിനയവും ജീവിതത്തിൽ പിന്തുടരാനും, ക്രൂശിന്റെ ശക്തിയാൽ വിശ്വാസത്തിൽ ഉറച്ചു നടക്കാനും, ദൈവത്തോടു കൂടുതൽ ചേർന്ന് ജീവിക്കാനും ഈ വിശുദ്ധ ദിനങ്ങൾ നമ്മെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.